താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ മൂലമുള്ള അപകടം ഇല്ലാതാക്കാനുള്ള ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കനത്ത മഴയെത്തുടര്‍ന്നുള്ള നീരൊഴുക്കില്‍ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ രൂപപ്പെടുന്ന മണ്ണിടിച്ചില്‍ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നതാണെന്ന് ജില്ല വികസന സമിതി പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി ബദല്‍ പാതകളുടെ സാധ്യത പരിശോധിക്കാന്‍ ടിപി രാമകൃഷ്ണൻ എം എൽ എ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആനക്കാം പൊയിൽ- കള്ളാടി -മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സർക്കർ നടപടികളെ യോഗം അഭിനന്ദിച്ചു.
ചുരം വഴിയല്ലാതെ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിർമ്മാണത്തിന് പ്രത്യേക പരിഗണന നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. ഊരാലുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 1.5 കോടി രൂപ ചെലവഴിച്ച് റോഡിൻ്റെ സാധ്യതാ പഠനം പൂർത്തിയാക്കി വരുകയാണ്. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിപ്പെടുത്തണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു.
0 Comments