LATEST

6/recent/ticker-posts

Header Ads Widget

വേങ്ങരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ലൈഓവർ വരുന്നു: കരട് രൂപരേഖയായി

വേങ്ങര: ഏറെക്കാലമായി വേങ്ങര ടൗണിനെ വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട ഫ്ലൈഓവർ പദ്ധതിയുടെ കരട് രൂപരേഖ തയ്യാറായി. എംഎൽഎ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ്, ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ രൂപരേഖ സംബന്ധിച്ച് കൂടിയാലോചന നടത്തി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തിയാക്കി.

നാടുകാണി-പരപ്പനങ്ങാടി റോഡിൽ സ്ഥിതി ചെയ്യുന്ന വേങ്ങര ടൗണിലെ തിരക്ക് യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും, രോഗികൾക്കും, വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് എംഎൽഎ പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ലൈഓവർ നിർദ്ദേശിച്ചത്. നേരത്തെ ടൗണിൽ ബൈപാസ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും, ബൈപാസ് വന്നാലും ടൗണിലെ ഗതാഗതക്കുരുക്കിന് പൂർണമായി പരിഹാരമാകില്ലെന്ന വിദഗ്ധോപദേശവും കാരണം ഫ്ലൈഓവർ പദ്ധതിക്ക് മുൻഗണന നൽകുകയായിരുന്നു.
2022-23 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയുടെ ആദ്യ ഘട്ട ഇൻവെസ്റ്റിഗേഷൻ നടപടികൾക്കായി 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഫ്ലൈഓവറിൻ്റെ കരട് രൂപരേഖ തയ്യാറാക്കിയത്.
ഇനി പൊതുമരാമത്ത് ഡിസൈൻ വിഭാഗം, പ്രൊജക്ട് പ്ലാനിംഗ് യൂണിറ്റ്, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എന്നിവ സംയുക്തമായി ചേർന്ന് വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. നിർദ്ദിഷ്ട സ്ഥലത്തെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും യോഗത്തിൽ തീരുമാനമായി.

Post a Comment

0 Comments